കോട്ടയം: ജില്ലയിലെ നഗരങ്ങളെയും പാതയോരങ്ങളെയും മാലിന്യമുക്തമാക്കി കൂടുതൽ മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി ജില്ലാ ഭരണകൂടം. ഈ ലക്ഷ്യം നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ ആറ് നഗരസഭകളുടെ പരിധിയിലുള്ള കോളേജുകളിലെ പ്രിൻസിപ്പൽമാർ, മാനേജർമാർ, അധ്യാപകർ എന്നിവരെ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.
ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു യോഗം. ഓരോരുത്തരുടെയും ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു.
ജില്ലയിലെ നഗരങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും മാലിന്യം ഇല്ലാതാക്കുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു ജനകീയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്. ഇതിനോടകം നഗരസഭാധ്യക്ഷന്മാരുടെയും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെയും മാധ്യമ പ്രവർത്തകരുടെയും യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തിട്ടുണ്ട്.
ആദ്യപടിയായി ജില്ലയിലെ ആറ് നഗരസഭകളിലെ പ്രധാന റോഡുകൾ, പുഴയോരങ്ങൾ, കുളങ്ങൾ, നഗര കേന്ദ്രങ്ങൾ തുടങ്ങിയവ പൂന്തോട്ടങ്ങൾ നിർമ്മിച്ച് മോടിപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മാർച്ച് രണ്ടാം വാരത്തോടെ തുടങ്ങി മേയ് മാസത്തോടെ പൂർത്തിയാക്കുന്ന രീതിയിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. നഗരസഭ, വ്യാപാരികൾ, വിവിധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായത്തോടെ നഗരപ്രദേശങ്ങൾ മനോഹരമാക്കും. അതുപോലെ ജില്ലയിലേക്ക് പ്രവേശിക്കുന്ന നാല് പ്രധാന സ്ഥലങ്ങളും മോടിപിടിപ്പിക്കും.
ഈ പദ്ധതിക്ക് ഒരു പേര് നൽകുന്നതിനായി ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികളിൽ നിന്നും എൻട്രികൾ സ്വീകരിക്കും.
കോളേജുകളുടെ പരിസരത്തുള്ള റോഡുകൾ വൃത്തിയാക്കി കൂടുതൽ മനോഹരമാക്കണമെന്ന നിർദ്ദേശത്തിന് യോഗത്തിൽ എല്ലാവരും പിന്തുണ നൽകി. വിദ്യാർഥികളുടെയും എൻ.എസ്.എസ്. യൂണിറ്റുകളുടെയും സഹായത്തോടെ പാതയോരങ്ങൾ നവീകരിക്കാമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ അറിയിച്ചു.
No comments
Post a Comment