കണ്ണൂർ
മാക്കൂട്ടം ചെക്ക്പോസ്റ്റിലെ യാത്രാനിയന്ത്രണം നീക്കാൻ കർണാടക സർക്കാർ തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. യാത്ര ചെയ്യാൻ ആർടിപിസിആർ ടെസ്റ്റ് ഫലം നിർബന്ധമാക്കി കുടക് ജില്ലാ ഭരണസംവിധാനം ഇറക്കിയ ഉത്തരവാണ് വടക്കൻ കേരളത്തിൽനിന്നുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതമായത്. കുടക് വഴി ബംഗളൂരു, മൈസുരൂ, വിരാജ് പേട്ട, മടിക്കേരി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ ഇത് പ്രയാസം സൃഷ്ടിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. രണ്ടുഡോസ് വാക്സിനെടുത്തവർക്ക് രാജ്യത്തെവിടെയും യാത്രചെയ്യാൻ നിയമതടസ്സമില്ലെന്നിരിക്കെ കുടക് ഭരണാധികാരികൾ നിയന്ത്രണം തുടരുകയാണ്. നിയന്ത്രണം നീക്കാനുള്ള നടപടിയെടുക്കുന്നതിന് സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പയ്യാവൂർ പഞ്ചായത്തിൽ സൗരവേലി സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നീക്കിവച്ചു. ഫാം ടൂറിസത്തിന് 25 ലക്ഷം രൂപയും വേങ്ങാട് വിത്തുൽപാദനകേന്ദ്രം അറ്റകുറ്റപ്പണിക്ക് ഏഴുലക്ഷം രൂപയും അനുവദിച്ചു. പഞ്ചായത്തുകൾക്ക് ആടുവളർത്തൽ മിനി ഫാമിനായി 10 ലക്ഷം രൂപയും ജില്ലാ മണ്ണ് പരിശോധനകേന്ദ്രം അറ്റകുറ്റപ്പണിക്ക് അഞ്ചുലക്ഷവും നീക്കിവച്ചു.
യോഗത്തിൽ പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. ബിനോയി കുര്യൻ, യു പി ശോഭ, ടി സരള, വി കെ സുരേഷ്ബാബു, കെ കെ രത്നകുമാരി എന്നിവർ സ്ഥിരംസമിതി റിപ്പോർട്ടുകൾ അവതിപ്പിച്ചു. എം രാഘവൻ, ടി തമ്പാൻ, ചന്ദ്രൻ കല്യാട്ട്, തോമസ് വെക്കത്താനം, വി ഗീത, എം ജൂബിലി ചാക്കോ, ലിസി ജോസഫ്, എൻ പി ശ്രീധരൻ, കെ സി ജിഷ, സെക്രട്ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
No comments
Post a Comment