കണ്ണൂർ
അടച്ചിടലിന്റെ വിരസതയൊഴിഞ്ഞ് പുതിയതെരു ധനരാജ് തിയറ്ററിന്റെ വാതിലുകൾ വീണ്ടും തുറന്നു. ആരവവും ആർപ്പ് വിളികളുമുണ്ടെങ്കിലും സിനിമ സ്ക്രീനിലല്ല, പുറത്താണെന്ന് മാത്രം. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി അടഞ്ഞുകിടന്ന ധനരാജ് തിയറ്ററിനും മലയാള സിനിമയ്ക്കും ഒരുപോലെ പ്രതീക്ഷ നൽകി മലയാളചിത്രം തന്നെയാണ് തിയറ്ററിൽ പിറവിയെടുക്കുന്നത്.
ടോവിനോ തോമസ് നായകനാവുന്ന ‘തല്ലുമാല’ സിനിമയുടെ ചിത്രീകരണമാണ് ധനരാജിൽ പുരോഗമിക്കുന്നത്. ചെറിയ ചെലവിൽ പടം കാണുന്ന കൊട്ടകയിൽ സിനിമാക്കോളുതന്നെ കണ്ടതിന്റെ സന്തോഷത്തിലാണ് പുതിയതെരുവിലെ സിനിമാ പ്രേമികൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ഷൂട്ടിങ്ങായതിനാൽ ചിത്രീകരണ സ്ഥലത്തേക്ക് ആർക്കും പ്രവേശനമില്ല.
നിരവധി തിയറ്ററുകൾ പ്രവർത്തിച്ചിരുന്ന വളപട്ടണം, പുതിയതെരു പ്രദേശത്ത് അവശേഷിക്കുന്നത് ധനരാജ് തിയറ്റർ മാത്രമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷമായി തിയറ്റർ അടഞ്ഞുകിടക്കുകയാണ്. മാർച്ചിൽ കോവിഡ് സ്ഥിരീകരണ നിരക്ക് അൽപ്പം കുറഞ്ഞ സാഹചര്യത്തിൽ തിയറ്റർ തുറന്നെങ്കിലും രണ്ട് ദിവസമേ പ്രദർശനം നടത്താനായുള്ളു. ഇതിനിടയിൽ ഉടമയ്ക്കും ജീവനക്കാർക്കും ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഏതാനും തിയറ്റർ തുറന്നെങ്കിലും ധനരാജ് ഡിസംബറോടെയേ പ്രവർത്തനം ആരംഭിക്കുകയുളളു. എ ക്ലാസ് തിയറ്ററുകളിൽ പ്രദർശനം മതിയാക്കിയ സിനിമകളാണ് ഇതുവരെ പ്രദർശിപ്പിച്ചിരുന്നത്. ഇനി തുറക്കുമ്പോൾ റിലീസിങ് ചിത്രങ്ങൾ തന്നെ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിലാണ് തിയറ്റർ ഉടമ പ്രസാദ് ബാര.
മലബാറിലെ മുസ്ലിം പശ്ചാത്തലത്തിലെ കഥയാണ് തല്ലുമാല പറയുന്നത്. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ സനിമകൾക്കുശേഷം ഖാലിദ് റഹ്മാനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ആശിഖ് ഉസ്മാനാണ് നിർമാതാവ്. മുഹ്സിൻ പരാരിയുടേതാണ് തിരക്കഥ. കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
No comments
Post a Comment