ശ്രീകണ്ഠപുരം
കൂട്ടുംമുഖത്തെ മലഞ്ചരക്ക് ഗോഡൗൺ കുത്തിത്തുറന്ന് കവര്ച്ച നടത്തിയ കേസില് നടുവില് പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന് സന്തോഷ് (39)പിടിയില്. എസ്ഐ സുബീഷ് മോനും സംഘവുമാണ് മയ്യില് എട്ടേയാറില്നിന്ന് പ്രതിയെ പിടികൂടിയത്. ഇരിട്ടിയിലെ ഐഡിയല് ടൂള്സ് എന്ന സ്ഥാപനം കുത്തിത്തുറന്ന് ഒരു ലക്ഷം രൂപ കവര്ച്ച ചെയ്തതും സന്തോഷാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അഞ്ചിന് പുലര്ച്ചെയാണ് കൂട്ടുംമുഖം ടൗണില് മുഹമ്മദ്കുഞ്ഞിയുടെ എപിഎസ് ട്രേഡേഴ്സിന്റെ സംഭരണശാലയില്നിന്ന് 400 കിലോ ഒട്ടുപാലും 40 കിലോ റബര് ഷീറ്റും കവര്ന്നത്. ഗോഡൗണിന്റെ ചുവർ തുരന്നായിരുന്നു കവര്ച്ച. മംഗളുരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.
റബര്ഷീറ്റ് മണത്തണയിലെ കടയിലാണ് വിറ്റത്. ഷീറ്റും കടത്താനുപയോഗിച്ച ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പിലും മട്ടന്നൂരിലും നടന്ന കവര്ച്ചക്ക് ഇയാള്ക്ക് ബന്ധമുണ്ടെന്ന സൂചനയുണ്ട്. കവര്ച്ച നടന്ന കൂട്ടുംമുഖത്തെ സ്ഥാപനത്തില് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കവര്ച്ച നടന്ന് 48 മണിക്കൂറിനകമാണ് സന്തോഷ് പിടിയിലായത്. സിഐ ഇ പി സുരേശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ പി പി അശോകന്, സീനിയര് സിപിഒമാരായ കെ വി ബിജു, കെ സജീവന്, സിപിഒമാരായ കെ ഐ ശിവപ്രസാദ്, സി എന് രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡിവൈഎസ്പി ടി കെ രത്നകുമാര് പ്രതിയെ ചോദ്യം ചെയ്തു. കോടതിയില് ഹാജരാക്കി.
No comments
Post a Comment