വിപണി വില അഞ്ച് കോടി; തൃശ്ശൂരില്‍ വീണ്ടും ആംബര്‍ ഗ്രീസ് പിടികൂടി

No comments



തൃശൂരില്‍ വീണ്ടും ആംബര്‍ ഗ്രീസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമിംഗല വിസര്‍ജ്യം എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ്, തൃശ്ശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി റംഷിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് വില്‍പ്പനയുറപ്പിച്ചവരെ കാത്ത് നില്‍ക്കുന്നതിനിടയിലായിരുന്നു യുവാക്കള്‍ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലാല്‍ കുമാറും സംഘവുമായിരുന്നു നടപടിയ്ക്ക് പിന്നില്‍. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.


കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു പ്രതികള്‍ ആംബര്‍ ഗ്രീസ് വില്‍പ്പന ഉറപ്പിച്ചിരുന്നത്.ഇക്കഴിഞ്ഞ ജൂലായിലും തൃശ്ശൂരില്‍ നിന്നും ആംബര്‍ഗ്രീസ് പിടികൂടിയിരുന്നു. ചാവക്കാട് ചേറ്റുവയില്‍ നിന്നും വനം വിജിലന്‍സാണ് പിടികൂടിയത്. വിപണിയില്‍ 30 കോടി വിലമതിക്കുന്ന ആംബര്‍ഗ്രീസുമായി മൂന്നുപേരായിരുന്നു അന്ന് പിടിയിലായത്. സുഗന്ധലേപന നിര്‍മ്മാണത്തിനാണ് ആംബര്‍ ഗ്രീസ് പ്രധാനമായും ഉപയോഗിക്കുന്നത്.

No comments

Post a Comment