തളിപ്പറമ്പ്
20 ലക്ഷം രൂപ വിലമതിക്കുന്ന 133 കിലോ ചന്ദനവുമായി മൂന്നുപേർ പിടിയിൽ. ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ, വിളയാർക്കോട്, പെരുവാമ്പ എന്നിവിടങ്ങളിൽ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. വെള്ളോറയിലെ മുരിക്കൻ ഗോപാലകൃഷ്ണൻ (48), കരുമാലക്കൻ പ്രദീപ് (48), ഏര്യത്തെ ബിനേഷ് കുമാർ (41) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി രതീശൻ അറസ്റ്റ് ചെയ്തു.
വെള്ളോറ വിളയാർക്കോട് ചന്ദനം മുറിച്ച് കടത്തുന്നതിനിടെയാണ് മൂവരും പിടിയിലായത്. 17 കിലോ ചന്ദനം ഇവരുടെ കൈയിൽനിന്ന് പിടികൂടി. പ്രതികൾ സഞ്ചരിച്ച ബൈക്കും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പരിശോധനയ്ക്കിടെ വെള്ളോറയിലെ ഷിബു, മാതമംഗലം പെരുവാമ്പയിലെ നസീർ എന്നിവർ ഓടി രക്ഷപ്പെട്ടു.
നസീറാണ് ചന്ദനം വാങ്ങുന്നതെന്ന് പിടിയിലായവർ പറഞ്ഞു. നസീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചെത്തി മിനുക്കിയ 116 കിലോ ചന്ദനത്തടി കൂടി പിടിച്ചത്. മൂന്ന് വർഷം മുതൽ ഏഴ്വർഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
തലവിൽ കേന്ദ്രീകരിച്ച് ചന്ദനംകടത്തുന്ന സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാട്ടുകാരുടെ സമയോചിത ഇടപെടലിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. ചന്ദനം മുറിച്ചുകടത്തുന്ന സംഘമാണിത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച് ചന്ദനമരം കണ്ടെത്തി മുറിച്ചുകടത്തലാണ് ഇവരുടെ രീതി. രക്ഷപ്പെട്ടവർക്കായി വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ വി വിനോദൻ, എച്ച് ഷാജഹാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ വി പ്രശോഭ്, ഇ രേഷ്മ, ഷമീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
No comments
Post a Comment