ഉത്തര്‍പ്രദേശില്‍ മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്.
ഗാസിയാബാദിലാണ് സംഭവം. 22കാരനായ പ്രവീണ്‍ സെയിനിയാണ് മരിച്ചത്. ഗംഗ്‌നഹര്‍ ഘട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഈസമയത്ത് അവിടെയെത്തിയ അക്രമിസംഘം മാംസം കഴിച്ചെന്ന് ആരോപിച്ച് പ്രവീണ്‍ സെയിനിയോടും കൂട്ടുകാരോടും തട്ടിക്കയറി. പിന്നാലെ നടന്ന ആക്രമണത്തില്‍ പ്രവീണ്‍ സെയിനി കൊല്ലപ്പെടുകയായിരുന്നു.
ഇരുമ്ബുവടികളും മറ്റും ഉപയോഗിച്ചായിരുന്നു അക്രമിസംഘം ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് പ്രവീണ്‍ ചപ്പാത്തിയും സോയാബീന്‍ കറിയുമാണ് കഴിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
പച്ചക്കറിയാണ് എന്ന് ബോധ്യപ്പെടുത്താന്‍ ഭക്ഷണപ്പൊതി അക്രമിസംഘത്തെ കാണിച്ചിരുന്നു. അക്രമത്തിന് പിന്നാലെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട സംഘത്തെ പിന്നീട് പിടികൂടുകയായിരുന്നു. സംഭവസമയത്ത് അക്രമികള്‍ മദ്യപിച്ചിരുന്നതായും വെറുതെ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മീററ്റ് സ്വദേശിയായ പ്രവീണ്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിന് സമീപത്തെ കടയില്‍ ശുചീകരണ തൊഴിലാളിയായും ജോലി ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
No comments
Post a Comment