തിരുവനന്തപുരം: വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിന്മേല്‍ അന്വേഷണവുമാകാമെന്നും സാമ്പത്തിക ക്രമക്കേട് ഉണ്ടായിയെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും പഴയകാല സംഭവങ്ങൾ പരാമർശിച്ച് കൊണ്ട് പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മുൻഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.
കെ.കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്നും കണ്ണൂർ ഡിസിസി ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലൻസിന് പരാതിയും നൽകിയിരുന്നു.
സുധാകരന്റെ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ
സർക്കാരിനോടും സർക്കാരിന്റെ പോലീസിനോടും പറയാനുള്ളത് വിശ്വാസ യോഗ്യമായ ഒരാളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ്. ഇദ്ദേഹം ബാങ്കിൽ കൊടുത്ത ജോലി ദുരുപയോഗം ചെയ്ത് 19 ലക്ഷം രൂപ അവിടെ നിന്ന് തിരിമറി ആക്കി. ഫിക്സഡ് ഡപ്പോസിറ്റ് അടയ്ക്കാൻ കൊണ്ടുവന്ന പണം അവിടെ നിന്ന് അടിച്ചുമാറ്റി. ഇതേ തുടർന്ന് ബാങ്കിൽ നിന്ന് പുറത്താക്കി. ഞങ്ങളുടെ കാലത്തല്ല ബാങ്കിൽ നിന്ന് പുറത്താക്കിയത്. ഇപ്പോൾ അയാൾ സിപിഎമ്മിലേക്ക് എത്തിയിരിക്കുന്നു. 19 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടപ്പിച്ചു അങ്ങനെ ഒരു ആരോപണം ഉണ്ട്. കണ്ണൂർ എയർപോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് പലരോടും പണം വാങ്ങിയിട്ടുണ്ട്. രാവും പകലും മദ്യപിക്കുന്ന ഒരാൾ. ഇങ്ങനെ ഒരാളിന്റെ പരാതിയുടെ പുറത്ത് ഒരു വിജിലൻസ് കേസ് ഒരു പാർലമെന്റ് അംഗമായ എനിക്കെതിരെ എടുക്കുമ്പോൾ അതിന്റെ നിയമവശങ്ങൾ പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
വിജിലൻസ് അന്വേഷണമെന്നല്ല, സിബിഐ അന്വേഷണം നടത്തിക്കോളൂ. ജുഡീഷ്യൽ അന്വേഷണം നടത്തിക്കോളൂ. എന്ത് അന്വേഷണമാണ് എനിക്കെതിരെ നടത്താൻ സിപിഎമ്മിന് കഴിയുന്നത് അതെല്ലാം നടത്തിക്കോളു.
ഒരു രൂപയുടെ എങ്കിലും സാമ്പത്തിക ക്രമക്കേടോ തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളോ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനായാൽ അന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും.
No comments
Post a Comment